Wednesday, September 7, 2016

ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ 2016-നുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ ടീമിനെ പ്രഖ്യാപിച്ചു





കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാമത്‌ എഡിഷന്‍ ട്രോഫി സ്വന്തമാക്കാനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌.സി. യുടെ പുതിയ ടീമിനെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന താരപ്രഭയാര്‍ന്ന ചടങ്ങില്‍ ടീം ഉടമയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, പുതിയ സഹ ഉടമകളായ ചിരഞ്‌ജീവി, നാഗാര്‍ജുന, നിമ്മഗഡ്ഡ പ്രസാദ്‌, അല്ലു അരവിന്ദ്‌ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ഫൈനല്‍ ടീമിനെ പ്രഖ്യാപിച്ചത്‌. മലയാള സിനിമയിലെ യൂത്ത്‌ ഐക്കണായ നിവിന്‍ പോളിയെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത്‌ അംബാസഡറായും നിയമിച്ചു. ഈ സീസണില്‍ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ പ്രധാന സ്‌പോണ്‍സറായി കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കും.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി നിയമിതനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ പരിചയസമ്പന്നനായ സ്റ്റീവന്‍ കോപ്പലിന്റെ നേതൃത്വത്തില്‍ ടീമില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്തിയിരുന്നു. മാര്‍ക്യൂ പ്ലേയര്‍ ആരോണ്‍ ഹ്യൂഗ്‌സ്‌, ഡിഫന്‍ഡര്‍ സെഡ്രിക്‌ ഹെംഗ്‌ബാര്‍ട്ട്‌്‌, ഗോള്‍ കൂപ്പര്‍ ഗ്രഹാം സ്റ്റാക്ക്‌, മൈക്കിള്‍ ചോപ്ര, അസ്രാക്ക്‌ മഹമ്മത്‌, ഡ്യൂക്കന്‍സ്‌ നാസണ്‍, കെര്‍വെന്‍സ്‌ ബെല്‍ഫോര്‍ട്ട്‌, ഡിഡിയര്‍ ബോറിസ്‌ കാഡിയോ, എല്‍ഹാഡ്‌്‌്‌ജി ഔസിന്‍ ഡോയെ തുടങ്ങിയ 27 ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്നതാണ്‌ പുതിയ ടീം. കഴിഞ്ഞ സീസണിലെ മികച്ച കളിക്കാരായിരുന്ന അന്റോണിയോ ജര്‍മ്മന്‍, ജോസ്യൂ എന്നിവരും ഇവരോടൊപ്പമുണ്ട്‌. ഇവരോടൊപ്പം ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ സന്ദേഷ്‌ ഝിംഗന്‍, മെഹ്‌താബ്‌ ഹൊസെയ്‌ന്‍, സന്ദീപ്‌ നാന്ദി, മൊഹമ്മദ്‌ റാഫി, ഗുര്‍വിന്ദര്‍ സിംഗ്‌ എന്നിവരും ഐഎസ്‌എല്‍ 2016 -ല്‍ അണിനിരക്കുന്നു.
ആക്രമണോത്സുകമായി കളിക്കാനാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇഷ്ടപ്പെടുന്നതെന്ന്‌ കോച്ച്‌ സ്റ്റീവന്‍ കോപ്പല്‍ പറഞ്ഞു. എല്ലാവരും ഒത്തുചേര്‍ന്ന്‌ മികച്ച കളി പുറത്തെടുക്കും. ഒരോ കളിയും പ്രത്യേകമായി കണ്ട്‌ കളിക്കും. എതിര്‍ടീമിന്‌ അനുസരിച്ച്‌ തന്ത്രങ്ങള്‍ മാറ്റി തങ്ങളുടെ ശക്തി പുറത്തെടുക്കുന്ന രീതിയില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കഴിവും പരിചയസമ്പത്തുമുള്ള യുവ പ്രഫഷണല്‍ കളിക്കാരടങ്ങിയ ടീം ഫീല്‍ഡില്‍ കളിക്കാനും തങ്ങളുടെ മികച്ച കഴിവുകള്‍ പുറത്തെടുക്കാനുമായി ഒരുങ്ങിയിരിക്കുകയാണെന്ന്‌ കേരള ബ്ലാസ്റ്റേഴ്‌സ്‌ എഫ്‌.സി. ഉടമയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. കളിക്കാരുടെ ഉജ്ജ്വലമായ പ്രകടനത്തിനായി കാത്തിരിക്കുകയാണ്‌. എല്ലാ ആരാധകരും തങ്ങളോടൊപ്പം അണിനിരക്കണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനായതില്‍ ആവേശഭരിതനാണെന്ന്‌ കേരള ബ്ലാസ്റ്റേഴ്‌സ്‌ സഹഉടമയായ മെഗാസ്റ്റാര്‍ ചിരഞ്‌ജീവി പറഞ്ഞു. ടീമിന്‌ എല്ലാവിധ ആശംസകളും അദ്ദേഹം നേര്‍ന്നു. 
ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ എല്ലാ ടീമുകളും ഏറെ മികവുറ്റവരാണെന്നും മഞ്ഞപ്പട മൈതാനിയില്‍ തിളങ്ങുന്നത്‌ കാണാന്‍ കാത്തിരിക്കുകയാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ്‌ സഹഉടമയും സിനിമാതാരവുമായ നാഗാര്‍ജുന പറഞ്ഞു.
ഐഎസ്‌എല്‍ കൂടുതല്‍ വിപുലവും ശക്തവുമാകുകയാണെന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്‌ക്ക്‌ കാര്യമായ സംഭാവന നല്‌കാന്‍ ഇത്‌ സഹായിക്കുമെന്ന്‌ ഉറപ്പുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ്‌ സഹഉടമ നിമ്മഗഡ്ഡ്‌ പ്രസാദ്‌ പറഞ്ഞു. 
കേരളത്തില്‍ മാത്രമല്ല അതിനുമപ്പുറത്ത്‌ കേരള ബ്ലാസ്റ്റേഴ്‌സിന്‌ വലിയ ആരാധകവൃന്ദമാണുള്ളതെന്ന്‌ കേരള ബ്ലാസ്റ്റേഴ്‌സ്‌ സഹഉടമ അല്ലു അരവിന്ദ്‌ പറഞ്ഞു. രാജ്യമെങ്ങുംനിന്ന്‌ ഇന്ത്യന്‍ സൂപ്പര്‍ലീഗിന്‌ പിന്തുണ ലഭിക്കുന്നതും പുതിയ കളിക്കാര്‍ എത്തുന്നതും ഇന്ത്യന്‍ ഫുട്‌ബോളിനെ വരുംവര്‍ഷങ്ങളില്‍ ആവേശകരമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ്‌ എഫ്‌.സിയുമായി സഹകരിക്കുന്നതില്‍ വളരെയധികം അഭിമാനിക്കുന്നുവെന്ന്‌ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ ഡയറക്ടര്‍ തോമസ്‌ ജോര്‍ജ്‌ മുത്തൂറ്റ്‌ പറഞ്ഞു. വ്യത്യസ്‌തമായ രംഗങ്ങളില്‍നിന്നാണെങ്കിലും കളിയോടുള്ള തീവ്രമായ ആഗ്രഹമുള്ള ഇതിഹാസ താരങ്ങള്‍ നേതൃത്വം നല്‌കുന്ന ടീം ലക്ഷക്കണക്കിന്‌ ഫുട്‌ബോള്‍ താരങ്ങളുടെ പ്രതീക്ഷകളാണ്‌ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഫുട്‌ബോളിനെ അടുത്ത തലത്തിലേയ്‌ക്ക്‌ ഉയര്‍ത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ്‌ മൂന്നാംതവണയും കേരളബ്ലാസ്റ്റേഴ്‌സിന്‌ പിന്തുണ നല്‌കുന്നത്‌. "ലക്ഷക്കണക്കിന്‌ പേര്‍ക്കൊപ്പം, സിനിമ ആയായാലും സ്‌പോര്‍ട്‌സ്‌ ആയാലും ആഘോഷിക്കുക എന്നതാണ്‌ എംപിജിയുടെ തത്വശാസ്‌ത്രം. അതുകൊണ്ട്‌തന്നെ ഫുട്‌ബോളിനൊപ്പം നമുക്ക്‌ ആഘോഷിക്കാം."
തിരുവനന്തപുരത്തെ ക്യാംപിന്‌ ശേഷം ടീമംഗങ്ങള്‍ തായ്‌ലന്‍ഡിലേയ്‌ക്കുള്ള പോകും. അവിടെ സൗഹൃദമത്സരങ്ങളില്‍ പങ്കെടുക്കും. പ്രീമിയര്‍ തായ്‌ ലീഗിലേയും ഫ്‌സ്റ്റ്‌ ഡിവിഷന്‍ ടീമിലേയും ഫുക്കറ്റിലെ നാഷണല്‍ ഫുട്‌ബോള്‍ ട്രെയിനിംഗ്‌ സെന്ററിലേയും താരങ്ങള്‍ക്കൊപ്പം കേരളബ്ലാസ്റ്റേഴ്‌സ്‌ കളിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ 2016 -ലെ ആദ്യമത്സരത്തില്‍ ഒക്ടോബര്‍ ഒന്നിന്‌ ഗോഹട്ടിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ നോര്‍ത്ത്‌ഈസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിയെ നേരിടും.
ഹെഡ്‌ കോച്ച്‌ - സ്‌റ്റീവന്‍ കോപ്പല്‍
അസിസ്റ്റന്റ്‌ കോച്ച്‌ - വാള്‍ട്ടര്‍ ഡൗണ്‍സ്‌
അസിസ്‌റ്റന്റ്‌ കോച്ച്‌ - ഇഷ്‌ഫാക്‌ അഹമ്മദ്‌
സ്‌പോര്‍ട്‌ സയന്റിസ്‌റ്റ്‌ - നിയാല്‍ ക്ലാര്‍ക്ക്‌
ഗോള്‍കീപ്പിംഗ്‌ കോച്ച്‌ - ഗ്രഹാം സ്‌റ്റാക്ക്‌
ഡോക്ടര്‍ - ഷിബു വര്‍ഗീസ്‌
ഫോര്‍വേഡുകള്‍ 
അന്റോണിയോ ജര്‍മ്മന്‍, കെവിന്‍ ബെല്‍ഫോര്‍ട്ട്‌, മൈക്കിള്‍ ചോപ്ര, മുഹമ്മദ്‌ റാഫി, തോംങ്കോസിം ഹാവുകിപ്‌, ഫാറുഖ്‌ ചൗധരി, ഡ്യൂക്കന്‍സ്‌ നാസണ്‍
മിഡ്‌ഫീല്‍ഡേഴ്‌സ്‌ 
ഇഷ്‌ഫാക്‌ അഹമ്മദ്‌, ജോസ്യൂ കുര്യാസ്‌, മെഹ്‌താബ്‌ ഹൊസൈന്‍, മുഹമ്മദ്‌ റാഫീഖ്‌, പ്രശാന്ത്‌ കറുത്തടത്ത്‌കുനി, ഡിഡിയര്‍ ബോറിസ്‌ ഖാഡിയോ, സി.കെ. വിനീത്‌, അസ്രാക്ക്‌ മഹമ്മദ്‌, വിനീത്‌ റായ്‌.
പ്രതിരോധനിര 
ആരോണ്‍ ഹ്യൂഗ്‌സ്‌, സെഡ്രിക്‌ ഹെംഗ്‌ബാര്‍ട്ട്‌, ഗുര്‍വിന്ദര്‍ സിംഗ്‌്‌, എല്‍ഹാദ്‌ജി ഡോയെ, പ്രധിക്‌ ചൗധരി, റിനോ ആന്റോ, സന്ദേഷ്‌ ഝിംഗാന്‍. 

No comments:

Post a Comment