ഗുവാഹാട്ടി ( 30 സെപ്‌തംബര്‍ 2016):
രാജ്യത്തെ ഏറ്റവും വലിയ ഫുടബോള്‍ മാമാങ്കമായ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന് ഇന്ന് ഗുവാഹാട്ടി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ കിക്കോഫ്. ആതിഥേയരായ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് എഫ്.സി. ഉദ്‌ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. ഇതാദ്യമായാണ് നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ ഉദ്‌ഘാടന മത്സരത്തിനു ആതിഥേയത്വം വഹിക്കുന്നത്. .
സീസണിന്റെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് അല്‍പ്പം തണുപ്പന്‍ കളിയാണ് സാധാരണ പുറത്തെടുക്കാറുള്ളത് . എന്നാല്‍ പകുതി വഴിയെത്തുമ്പോള്‍ ഗിയര്‍ മാറ്റി വേഗത പുറത്തെടുക്കും. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിഫൈനലില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കുറവ് ഉണ്ടെങ്കിലും , ഇത്തവണ ചരിത്രം കുറിക്കാന്‍ തന്നെ കച്ചമുറുക്കി കെട്ടിയാണ് നോര്‍ത്ത് ഈസ്‌റ്റ് അങ്കം കുറിക്കാനെത്തുന്നത്.
ഉദ്‌ഘാടന മത്സരത്തിനു ആതിഥേയത്വം വഹിക്കാന്‍ ആദ്യമായി അവസരം ലഭിച്ചതും നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് ടീമിനെയും ആരാധകരെയും ഒപ്പം ആവേശത്തിലാക്കിയിട്ടുണ്ട്.
ഉറുഗ്വായ് താരം ഷാസ അനെഫ്, ഫാബിയോ നെവെസ് എന്നിവര്‍ക്ക് പരുക്കേറ്റത് നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിന്റെ പോര്‍ച്ചുഗലില്‍ നിന്നുള്ള പുതിയ പരിശീലകന്‍ നെലോ വിന്‍ഗാഡയ്‌ക്ക് തുക്കം തന്നെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇവരുടെ പകരക്കാരെ കണ്ടെത്തേണ്ടിവരും.
നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് സെമിഫൈനല്‍ വരെ എത്തുന്നതില്‍ കുറഞ്ഞ് മറ്റൊന്നും ബോളിവുഡ് താരവും ടീം ഉടമയുമായ ജോണ്‍ എബ്രാഹം ചിന്തിച്ചിട്ടില്ല. -പ്രൊഫസര്‍- എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുഖ്യ പരിശീലകന്‍ വിന്‍ഗാഡ് അക്ഷോഭ്യനായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന പരിപൂര്‍ണ വിശ്വാസത്തിലാണ് ജോണ്‍ എബ്രാഹം.
-ഹൈലാന്‍ഡേഴ്‌സ്- എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വടക്കു കിഴക്കന്‍ പടയുടെ പ്രധാന കരുത്ത് മധ്യനിരയിലാണ്.
യൂസ കാത്‌്‌സുമി, സെയ്‌ത്യാസെന്‍ സിങ്ങ്, ഫാനയ് ലാലെറംപുയ എന്നിവരടങ്ങിയ മധ്യനിര മികച്ചതാണ്. ഐവറി കോസ്‌റ്റില്‍ നിന്നുള്ള പ്രമുഖ താരം ദിദിയര്‍ സക്കോറയ്‌ക്കായിരിക്കു ആക്രമണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു ടീമിനെ സജ്ജമാക്കുന്ന ചുമതല.. മുന്‍ നിരയില്‍ ടീമിലെ പരിചയ സമ്പന്നനായ അര്‍ജന്റീനക്കാരന്‍ നിക്കോളാസ് വെലസ് ഈ സീസണിലും ടീമിന്റെ ഗോളടി യന്ത്രം ആകാനുള്ള പടപ്പുറപ്പാടിലാണ്. ബ്രസീല്‍ താരം മെയ്‌ല്‍സണ്‍ ആല്‍വെസിനു പ്രതിരോധനിരയുടെ ചുക്കാന്‍ നല്‍കിയിട്ടുണ്ട്.
മറുവശത്ത് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ എവേ മത്സരത്തില്‍ തന്നെ വിജയത്തോടെ മുഴുവന്‍ പോയിന്റും നേടി തുടക്കം കുറിക്കാനുള്ള ആത്മവിശ്വാസത്തിലാണ്. ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക പദവി ഏറ്റെടുത്ത മുന്‍ മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡ് താരം സ്റ്റീവ് കോപ്പലിന്റെ പരിചയ സമ്പത്തും സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാനുള്ള നൈപുണ്യവും ടീമിനു പ്രധാന മുതല്‍ക്കൂട്ടാകും. സീസണിന്റെ ഒരുക്കമെന്ന നിലയില്‍ നടന്ന പരിശീലന ക്യാമ്പിലും സന്നാഹ മത്സരങ്ങളിലും സ്റ്റീവ് കോപ്പലിന്റെ വൈദഗ്‌ധ്യം ടീമിനു കരുത്തേകിയിട്ടുണ്ട്.
നൂറ് രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പരിചയസമ്പന്നനായ ഉത്തര അയര്‍ലണ്ടുകാരന്‍ ആരോണ്‍ ഹ്യൂസ് നയിക്കുന്ന പ്രതിരോധ നിരയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന കരുത്ത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ഞൂറോളം മത്സരങ്ങളുടെ കളിമിടുക്കുള്ള ഹ്യൂസിന് ഏത് പൊസിഷനിലും കളിക്കാനാകും. ഫ്രഞ്ച് ലീഗിലെ പരിചയസമ്പത്തുള്ള സെഡ്രിക് ഹെങ്‌ബെര്‍ട്ട് , സെനഗല്‍ യുവതാരം എല്‍ഹാജി എന്‍ബോയ, അസ്‌റാക്ക് മഹമ്മത് എന്നിവരെ . കോച്ച് സ്‌റ്റീവ് കോപ്പലിനു ഏത് പോസിഷനിലും കളിപ്പിക്കാനാകും. ഈ ചോയിസ് ആണ് കോപ്പലിനു കിട്ടിയിരിക്കുന്ന പ്രധാന ഭാഗ്യം.
മുന്‍നിരയില്‍ ആക്രമണത്തിന്റെ കുന്തമുനയായി വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ആന്റോണിയോ ജെര്‍മെയ്‌നിലാണ്. കഴിഞ്ഞ സീസണില്‍ ജെര്‍മെയ്‌ന്‍ ആറ് ഗോളുകള്‍ നേടുകയും മൂന്നു ഗോളുകള്‍ നേടുന്നതിനു വഴിയൊരുക്കുകയും ചെയ്‌തു. ജെര്‍മെയ്‌നു കൂട്ടായി മുന്‍നിരയില്‍ മലയാളി താരം മുഹമ്മദ് റാഫി അല്ലെങ്കില്‍ തോങ്കോസിയാം ഹവോകിപ്പും ആണ് എത്തിച്ചേരുക. ഐഎസ് എല്ലില്‍ ഹാട്രിക് നേടിയ രണ്ടാമത്തെ ഇന്ത്യാക്കാരന്‍ എന്ന ബഹുമതിയും ഈ മണിപ്പൂരുകാരനുണ്ട്.
അറബിക്കടലിന്റെ തീരത്തു നിന്നും എത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സും വടക്കു കിഴക്കന്‍ മലമുകളില്‍ അവരെ കാത്തിരിക്കുന്ന നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡും ഇന്ന് ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്ക് ആനുകൂലമായിട്ടായിരിക്കും കാറ്റുവീശുക എന്നു പ്രവചിക്കുക അസാധ്യമായിരിക്കും. ഓരോ മത്സരവും സെമിയിലേക്കുള്ള പാതയില്‍ വളരെ നിര്‍ണായമാകുമെന്ന് കഴിഞ്ഞ സീസണുകള്‍ അടിവരയിട്ടു തെളിയിച്ചു കഴിഞ്ഞു .അതുകൊണ്ടു തന്നെ രണ്ടുകൂട്ടുരും ഇഞ്ചോട് ഇഞ്ച് പോരാട്ടത്തിനു ബൂട്ട് കെട്ടിക്കഴിഞ്ഞു.
No comments:
Post a Comment