Thursday, December 22, 2016

ആരവങ്ങളുടെ ബാക്കി പത്രം



കൊച്ചി> `ഈ കളിയല്ല, ഇതിനെക്കാള്‍ കൂടുതല്‍ കാണികള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. മുന്നോട്ടുള്ള പോക്ക്‌ കരുത്തുറ്റതാക്കാന്‍ ഉടമകള്‍ ശ്രമിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു'' ഐഎസ്‌എല്‍ ഫൈനലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരായ മത്സരത്തിനുശേഷം കേരള ബ്‌ളാസ്‌റ്റേഴ്‌സ്‌ പരിശീലകന്‍ സ്റ്റീവ്‌ കൊപ്പലിന്റെ പ്രതികരണം ഇതായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ മൂന്നാം പതിപ്പ്‌ അവസാനിക്കുമ്പോള്‍ കൊപ്പലിന്റെ വാക്കുകളിലുണ്ട്‌ കളിയുടെ നിലവാരവും പ്രതീക്ഷയും.

രണ്ടരമാസം കൊണ്ടാടുന്ന വിനോദമേളയാണ്‌ നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌. ആ രീതിയിലായിരുന്നു തുടക്കം. മൂന്നാം സീസണില്‍ എത്തിനില്‍ക്കുമ്പോള്‍ കളിനിലവാരത്തില്‍ അല്‍പ്പം ഉണര്‍വുണ്ടായി. പ്രത്യേകിച്ചും ഇന്ത്യന്‍ കളിക്കാരില്‍. ശാരീരികക്ഷമതയിലാണ്‌ പ്രധാന മാറ്റം. പക്ഷേ, ഇന്ത്യന്‍ ഫുട്‌ബോളിന്‌ ഈ മേളകൊണ്ട്‌ ഗുണമൊന്നും കിട്ടില്ലെന്ന്‌ മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നു. അടിസ്ഥാനസൌകര്യങ്ങളില്‍ മാറ്റംവരണം, അക്കാദമികള്‍ ഉണ്ടാകണം. ഇതൊക്കെയാണ്‌ വളര്‍ച്ചയ്‌ക്ക്‌ വേണ്ടതെന്ന്‌ വിദേശ പരിശീലകര്‍ പറയുന്നു. ആരാധകരുടെ എണ്ണം കൂടുന്നുണ്ട്‌. ബ്‌ളാസ്‌റ്റേഴ്‌സിന്റെ ആരാധക പിന്തുണ അത്ഭുതപ്പെടുത്തുന്നതായിരുന്നു. പക്ഷേ, ആ ആരാധകര്‍ക്ക്‌ എന്തുകിട്ടി?.


രണ്ടരമാസമാണ്‌ ലീഗിന്റെ കാലാവധി. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 14 മത്സരങ്ങള്‍ കളിക്കണം നോക്കൌട്ടില്‍ കടക്കുന്ന ടീമിന്‌ വീണ്ടും കളികള്‍. സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ 120 മിനിറ്റ്‌ കളിച്ചെത്തിയ ബ്‌ളാസ്‌റ്റേഴ്‌സിന്‌ ഫൈനലിനുമുമ്പ്‌ കിട്ടിയത്‌ വെറും മൂന്നു ദിവസങ്ങള്‍. മതിയായ വിശ്രമംപോലും കിട്ടിയില്ലെന്ന്‌ കൊപ്പല്‍ പരാതി പറഞ്ഞു. ശാരീരികക്ഷമതയില്ലാതെയാണ്‌ പ്രധാന കളിക്കാര്‍പോലും ഇറങ്ങിയത്‌. ഈ രീതിയില്‍ കളിച്ചതുകൊണ്ട്‌ ആര്‍ക്കും പ്രത്യേകിച്ചു പ്രയോജനമില്ല. സീക്കോ ഉള്‍പ്പെടെയുള്ള പരിശീലകര്‍ ലീഗിന്റെ കാലാവധി വര്‍ധിപ്പിക്കണമെന്ന്‌ വ്യക്തമാക്കിയതാണ്‌.

മുംബൈ സിറ്റി എഫ്‌സിയും ഡല്‍ഹി ഡൈനാമോസുമാണ്‌ ഈ പതിപ്പിലെ മികച്ച ടീമുകള്‍. മുന്‍ ഉറുഗ്വേതാരം ദ്യേഗോ ഫോര്‍ലാനും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛേത്രിയും ഉള്‍പ്പെട്ട മുംബൈനിര നിലവാരമുള്ള കളി പുറത്തെടുത്തു. ബ്രസീലുകാരന്‍ അലക്‌സാന്‍ഡ്രെ ഗ്വിമറാസ്‌ ആയിരുന്നു പരിശീലകന്‍. ഇറ്റലിയുടെ മുന്‍താരം ജിയാന്‍ലൂക സംബ്രോട്ട പരിശീലിപ്പിച്ച ഡല്‍ഹി ടീമും തിളങ്ങി. മുന്‍ ഫ്രഞ്ച്‌ താരം ഫ്‌ളോറന്റ്‌ മലൂദ ഈ പതിപ്പിലെ ഏറ്റവും മികച്ച താരമായി. മാഴ്‌സെലീന്യോ 10 ഗോളുമായി ടൂര്‍ണമെന്റിലെ ടോപ്‌ സ്‌കോററായി. ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയും സ്ഥിരതയുള്ള പ്രകടനമാണ്‌ പുറത്തെടുത്തത്‌. ബ്‌ളാസ്‌റ്റേഴ്‌സാകട്ടെ സ്വന്തം തട്ടകത്തിലെ പ്രകടനത്തിലൂടെയാണ്‌ മുന്നേറിയത്‌. കൊപ്പലിന്റെ പരിശീലന മികവിനപ്പുറം ബ്‌ളാസ്‌റ്റേഴ്‌സിന്‌ എടുത്തുപറയാന്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍താരങ്ങളില്‍ ജെറി ലാല്‍റിന്‍സുവാല, അനസ്‌ എടത്തോടിക, സി കെ വിനീത്‌, ബിദ്യാനന്ത സിങ്‌, സന്ദേശ്‌ ജിങ്കന്‍, ലാല്‍റിന്‍ഡികെ റാല്‍റ്റെ, അമരീന്ദര്‍ സിങ്‌ തുടങ്ങി ഒരുപറ്റം കളിക്കാര്‍ മാത്രമാണ്‌ നിലവാരം പുലര്‍ത്തിയത്‌.

റഫറിയിങ്ങിലെ നിലവാരമില്ലായ്‌മ ഈ പതിപ്പിലും ചര്‍ച്ചയായി. ലീഗ്‌ മത്സരങ്ങളില്‍ പലതും റഫറിമാരുടെ പാകപ്പിഴകള്‍മൂലം അലങ്കോലമായി. റഫറിമാരുടെ നിലവാരമില്ലായ്‌മയെത്തുടര്‍ന്ന്‌ ഐഎസ്‌എല്‍ വിടുമെന്ന്‌ ഒരുതവണ എഫ്‌സി ഗോവ പരിശീലകന്‍ സീക്കോ പ്രഖ്യാപിച്ചിരുന്നു. കളിക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും കാണികളുടെ അതിരുവിട്ട വികാരപ്രകടനങ്ങളും കളങ്കമായി. മത്സരങ്ങള്‍ക്കുശേഷം കളിക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായി. റഫറിമാര്‍ക്ക്‌ നിയന്ത്രിക്കാനായില്ല. കാണികളുടെ മോശം പെരുമാറ്റം ഉണ്ടായത്‌ കൊച്ചിയിലാണ്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനായ മത്സരത്തിനുശേഷം ഒരുപറ്റം കാണികള്‍ സ്‌റ്റേഡിയത്തില്‍ കസേരകള്‍ എറിഞ്ഞുതകര്‍ത്തു. ബ്‌ളാസ്‌റ്റേഴ്‌സിന്‌ ആറുലക്ഷം രൂപ പിഴയിട്ടു.

അടുത്തവര്‍ഷം ഒക്ടോബര്‍, നവംബറില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ്‌ വേദിയാണ്‌ ഇന്ത്യ. ഐഎസ്‌എല്‍ സമയം മാറും. ഐ ലീഗാണ്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഔദ്യോഗിക ലീഗ്‌. ഐഎസ്‌്‌എല്‍ വന്നതോടെ ഐ ലീഗ്‌ അപ്രസക്തമായി. ഗോവയിലെ വമ്പന്‍മാര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഐഎസ്‌എലിനോടുള്ള അടുപ്പം കാരണം ഐ ലീഗ്‌ വിട്ടു. രണ്ട്‌ ലീഗും തമ്മില്‍ യോജിപ്പിക്കുമെന്ന്‌ ഫുട്‌ബോള്‍ ഫെഡറേഷനും കൊമേഴ്‌സ്യല്‍ പാര്‍ട്‌ണര്‍മാരായ ഐഎംജി റിലയന്‍സും തമ്മില്‍ ധാരണയുണ്ടായിരുന്നു. ആ ചര്‍ച്ചകള്‍ക്ക്‌ ജീവന്‍വച്ചില്ല. അണ്ടര്‍ 17 ലോകകപ്പിനുശേഷം ഇരു ലീഗും ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ പ്രഫുല്‍ പട്ടേല്‍ പറയുന്നത്‌. ആറുമുതല്‍ എട്ടുമാസംവരെ നീളുന്ന ലീഗാണ്‌ ഉദ്ദേശിക്കുന്നത്‌. ഐ ലീഗിലെ ഗോവ, കൊല്‍ക്കത്ത ക്‌ളബ്ബുകള്‍ ഈ നീക്കത്തിന്‌ പിന്തുണ നല്‍കിയേക്കില്ലെന്നാണ്‌ സൂചന.



No comments:

Post a Comment