Tuesday, November 29, 2016

Match 50 Delhi Dynamos FC 5 - 1 FC Goa

ഗോവയെ തരിപ്പണമാക്കി ഡല്‍ഹി
രണ്ടാം സ്ഥാനത്ത്‌
ഡല്‍ഹി:

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും ഗോള്‍ മഴ. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരുടെ ഗോള്‍ മഴയില്‍ കുളിച്ച്‌ എഫ്‌.സി ഗോവ മടങ്ങി.
ബ്രസീലിയന്‍ മധ്യനിര താരം മാഴ്‌സിലീഞ്ഞ്യോയുടെ ഹാട്രിക്കും ഘാനയുടെ മുന്‍നിരതാരം റിച്ചാര്‍ഡ്‌ ഗാഡ്‌സെയുടെ രണ്ട്‌ ഗോളുകളും വിരുന്നുവന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ്‌ ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ എഫ്‌.സി ഗോവയെ തരിപ്പണമാക്കി. 31 ാം മിനിറ്റില്‍ ഫുള്‍ഗാന്‍കോ കാര്‍ഡോസയുടെ വകയാണ്‌ ഗോവയുടെ ആശ്വാസ ഗോള്‍.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പാലിക്കുയായിരുന്നു. 31 ാം മിനിറ്റില്‍ ഡിഫെന്‍ഡര്‍ ഫുള്‍ഗാന്‍കോ കാര്‍ഡോസ നേടിയ ഗോളിലൂടെ ഗോവയാണ്‌ ആദ്യം മുന്നിലെത്തിയത്‌. 38 ാം മിനിറ്റില്‍ ബ്രസീലില്‍ നിന്നുള്ള മിഡ്‌ ഫീല്‍ഡര്‍ മാഴ്‌സിലീഞ്ഞ്യോ ഡല്‍ഹിയുടെ സമനില ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ 48 ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോ തന്റെ രണ്ടാം ഗോളിലൂടെ ഡല്‍ഹിയെ 2-1നു മുന്നിലെത്തിച്ചു. 51 ാം മിനിറ്റില്‍ റിച്ചാര്‍ഡ്‌ ഗാഡ്‌സെ ഡല്‍ഹിയുടെ ലീഡ്‌ 3-1 ആയി ഉയര്‍ത്തി. 56 ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോ തന്റെ ഹാട്‌ിക്‌ തികച്ചതോടൊപ്പം ഡല്‍ഹിയുടെ ലീഡ്‌ 4-1 ആയി ഉയര്‍ത്തി 57 ാം മിനിറ്റില്‍ റിച്ചാര്‍ഡ്‌ ഗാഡ്‌സെ തന്റെ രണ്ടാം ഗോളും ഡല്‍ഹിയുടെ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി (5-1).
ആദ്യപകുതിയില്‍ ഗോവ ഒപ്പം പിടിച്ചു നിന്നെങ്കിലും രണ്ടം പകുതിയില്‍ സീക്കോയുടെ കുട്ടികള്‍ ആയുധം അടിയറവെച്ചു കീഴടങ്ങി. മാഴ്‌സിലീഞ്ഞ്യോയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.
ഈ ജയത്തോടെ ഡല്‍ഹി ഡൈനാമോസ്‌ 12 മത്സരങ്ങളില്‍ നിന്ന്‌ 20 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. സെമിഫൈനല്‍ ഏകദേശം ഉറപ്പാക്കി.
ഈ തോല്‍വിയോടെ നിലവിലുള്ള രണ്ടാം സ്ഥാനക്കാരായ ഗോവയുടെ പടിയിറക്കം പൂര്‍ണമായി. 11 പോയിന്റുമായി എട്ടാം സ്ഥാനത്തു നില്‍ക്കുന്ന ഗോവയ്‌ക്ക്‌ ഇനി അവസാന മത്സരം ചടങ്ങ്‌ തീര്‍ക്കല്‍ മാത്രമാകും.
ഗോവ അവസാന മത്സരത്തില്‍ ഡിസംബര്‍ ഒന്നിനു ചെന്നൈയിന്‍ എഫ്‌.സിയെ നേരിടും. ഡല്‍ഹിക്ക്‌ ഇനി രണ്ട്‌ മത്സരങ്ങള്‍ ബാക്കിയുണ്ട്‌ നോര്‍ത്ത്‌ ഈസ്‌റ്റിനെ 30നും മുംബൈ സിറ്റിയെ ഡിസംബര്‍ മൂന്നിനും നേരിടും.
സീക്കോ ഇന്നലെ വളരെ രസകരമായ ലൈനപ്പ്‌ ആണ്‌ നല്‍കിയത്‌. റോബിന്‍ സിംഗിനെ ഒഴിവാക്കി മുന്നേറ്റ നിരയില്‍ ജൂലിയോ സീസറിനേയും റെയ്‌നാള്‍ഡോയെയും കൊണ്ടുവന്നു. മിഡ്‌ ഫീല്‍ഡില്‍ ട്രിന്‍ഡാഡയും റഫയേല്‍ കൊയ്‌ലോയും മാറ്റിനിര്‌ത്തി. അതേപോലെ ഡൂമാസും ഗ്രിഗറി അര്‍ണോളിനും ഇന്നലെ അവസരം കിട്ടിയില്ല സീക്കോ ഏഴ്‌ മാറ്റങ്ങളാണ്‌ ടീമില്‍ വരുത്തിയത്‌.
പ്രതീക്ഷിച്ചതുപോലെ ഡല്‍ഹി ആക്രമണങ്ങള്‍ക്കു തുടക്കം കുറിച്ചു.മിഡ്‌ഫീല്‍ഡില്‍ നിന്നും മാഴ്‌സിലീഞ്ഞ്യോക്കും കീന്‍ ലൂയിസിനും ഗാഡ്‌സെയ്‌ക്കും പന്ത്‌ എത്തിച്ചുകൊണ്ടായിരുന്നു ആക്രമണങ്ങള്‍ ശക്തമാക്കിയത്‌. ആദ്യ പത്തുമിനിറ്റിനുള്ളില്‍ അരഡസനോളം തവണ ഗോവയുടെ ഗോള്‍ മുഖത്തേക്കു ഡല്‍ഹി താരങ്ങള്‍ കുതിച്ചെത്തി. ഇതില്‍ പത്താം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയ്‌ക്കായിരുന്നു സുവര്‍ണാവസരം. മൂന്നു ഗോവന്‍ ഡിഫെന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്‌തു മാഴ്‌സിലിഞ്ഞ്യോയുടെ ഷോട്ട്‌ സൈഡ്‌ നെറ്റില്‍ കുടുങ്ങി. കളി 15 മിനിറ്റ്‌ പിന്നിടുമ്പോള്‍ ഡല്‍ഹി ബോള്‍ പൊസിഷനില്‍ 73 ശതമാനം മുന്‍തൂക്കം നേടിയിരുന്നു.
20 ാം മിനിറ്റില്‍ കീനാന്‍ അല്‍മെയ്‌ഡയുടെ ഫൗളിനെ തുടര്‍ന്നു ഡല്‍ഹിക്ക്‌ എതിരാളികളുടെ ഡി യ്‌ക്കു മുന്നില്‍ ഫ്രീ കിക്ക്‌. മാഴ്‌സിലീഞ്ഞ്യോ എടുത്ത കിക്ക്‌ ഗോവന്‍ ഗോളി കട്ടിമണി കരങ്ങളിലൊതുക്കി. തൊട്ടുപിന്നാലെ ഗോവയുടെ പ്രത്യാക്രമണം റെയ്‌നാള്‍ഡോയുടെ മനോഹരമായ ക്രോസ്‌ ടവോറയിലേക്ക്‌ എന്നാല്‍ ടവോറയുടെ ഹെഡ്ഡര്‍ ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നകന്നു.
കളിച്ചത്‌ ഡല്‍ഹിയും ഗോളടിച്ചത്‌ ഗോവയും ആയിരുന്നു. 31 ാം മിനിറ്റില്‍ റെയ്‌നാള്‍ഡോയുടെ മൈതാനത്തിനു മധ്യത്തിലൂടെയുള്ള ത്രൂ പാസ്‌ സ്വീകരിച്ചു കുതിച്ച ജൂലിയോ സീസറിനു മുന്നില്‍ വന്ന ഡല്‍ഹിയുടെ പ്രതിരോധനിരക്കാരന്‍ അനസിനെയും ഗോള്‍ കീപ്പര്‍ പോയെറിയെയും മറികടന്നു നല്‍കിയ പാസ്‌ ഓടിവന്ന ഫുള്‍ഗാനോ കാര്‍ഡോസ അനായാസം വലയിലാക്കി (1-0).
വെടിയേറ്റ പുലിയെപ്പോലെ തുടര്‍ന്ന്‌ ഡല്‍ഹിയുടെ മാഴ്‌സിലീഞ്ഞ്യോയും ഗാഡ്‌സെയും ഗോവന്‍ ഗോള്‍ മുഖം ആക്രമിച്ചു.. 30 വാര അകലെ നിന്നുള്ള ഗാഡ്‌സെയുടെ ആദ്യ ഷോട്ട്‌ കട്ടിമണി കുത്തിയകറ്റി അടുത്ത മാഴ്‌സിലീഞ്ഞ്യോയുടെ ഡ്രിബിള്‍ ചെയ്‌തു ഇടംകാലന്‍ ഷോട്ട്‌ ഇത്‌ കട്ടിമണി കരങ്ങളിലൊതുക്കി.
35 ാം മിനിറ്റില്‍ മാഴ്‌സിലിഞ്ഞ്യോയുടെ അടുത്ത ശ്രമം ദേബ്രത റോയ്‌ രക്ഷപ്പെടുത്തി.
എന്നാല്‍ കട്ടിമണിക്കു താങ്ങാന്‍ കഴിയാത്ത സമ്മര്‍ദ്ദം ആയിരുന്നു ഡല്‍ഹിയുടെ ഭാഗത്തു നിന്നും വന്നത്‌. 37 ാം മിനിറ്റില്‍ ടെബാറിനെ ഗോവയുടെ പ്രതീഷ്‌ ശിരോദ്‌ക്കര്‍ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നാണ്‌ ഡല്‍ഹിയുടെ സമനില ഗോള്‍. ശിരോദ്‌ക്കറിനു ഇതിനു മഞ്ഞക്കാര്‍ഡും ലഭിച്ചു. മലൂദ എടുത്ത കിക്ക്‌ ഗോവന്‍ പ്രതിരോധനിരയ്‌ക്കു ഇടയില്‍ നിന്നും സ്‌പ്‌്രിന്ററിന്റെ വേഗതയോടെ കുതിച്ച മാഴ്‌സിലീഞ്ഞ്യോ ഓടിയെത്തി കാലുകളില്‍ സ്വീകരിച്ചു പന്ത്‌ വലയിലാക്കി ( 1-1).
ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ കീന്‍ ലൂയിസന്റെയും റിച്ചാര്‍ഡ്‌ ഗാഡ്‌സെയുടേയും ഗോള്‍ ശ്രമങ്ങള്‍ കട്ടിമണിയും ദേബ്രത റോയിയും വിഫലമാക്കി.
രണ്ടാം പകുതിയില്‍ ഡല്‍ഹി മൂന്നു മിനിറ്റിനകം ലീഡ്‌ നേടി. സൗവിക്‌ ചക്രവര്‍ത്തിയുടെ ത്രോ ഇന്നില്‍ നിന്നും പന്തുമായി ബോക്‌സിനു 30 വാര അകലെ എത്തിയ മാഴ്‌സിലീഞ്ഞ്യോ വെടിയുണ്ടപോലുള്ള ഇടംകാലനടി. മിന്നല്‍ പോലെ വന്ന രണ്ടാം പോസ്‌റ്റില്‍ ഇടിച്ചു അകത്തേക്കു കുതിച്ച പന്ത്‌ വലകുലുക്കി (2-1).
തൊട്ടുപിന്നാലെ ഡല്‍ഹി റിച്ചാര്‍ഡ്‌ ഗാഡ്‌സെയിലൂടെ 51 ാം മിനിറ്റില്‍ വീണ്ടും ലീഡ്‌ ഉയര്‍ത്തി. ഇത്തവണ മാഴ്‌സിലീഞ്ഞ്യോയുടെ ത്രൂ പാസ്‌ സ്വീകരിച്ച റിച്ചാര്‍ഡ്‌ ഗാഡ്‌സെ ഒപ്പം ഓടിയ രാജു ഗെയ്‌ക്ക്‌ വാദിനു തടയാന്‍ അവസരം നല്‍കാതെ ഒന്നാം പോസ്‌റ്റിനരികിലൂടെ ഉതിര്‍ത്ത ഷോട്ട്‌ നേരെ വലയില്‍ (3-1). പരുക്കിനു ശേഷം ടീമില്‍ തിരിച്ചെത്തിയ ഗാഡ്‌സെയുടെ ആദ്യ ഗോള്‍ ആയിരുന്നു ഇത്‌
56 ാം മിനിറ്റില്‍ മാഴസിലീഞ്ഞ്യോ ഹാട്രിക്‌ തികച്ചു. സെന്റര്‍ സര്‍്‌ക്കിളിനു സമീപത്തു നിന്നും മാര്‍ക്കോസ്‌ ടെബാര്‍ മാഴ്‌സിലിഞ്ഞ്യോ യെ നോക്കി ഉയര്‍ത്തിവിട്ട പന്ത്‌ ഇടതുകാല്‍കൊണ്ട്‌ മാഴ്‌സിലിഞ്ഞ്യോ തടുത്തു . ഒപ്പം എത്തിയ ദേബ്രത റോയിയെ ഡ്രിബിള്‍ ചെയ്‌തു മുന്നേറി വീണ്ടും മനോഹരമായ ഷോട്ട്‌ രണ്ടാം പോസ്‌റ്റിനരുകിലൂടെ വലയിലേക്ക്‌ (4-1). ഐഎസ്‌എല്‍ സീസണില്‍ മാഴ്‌സിലീഞ്ഞ്യോയുടെ എട്ടാം ഗോളും ഈ ഹാട്രിക്കിനോടൊപ്പം രേഖപ്പെടുത്തി.
ഈ ഗോളിന്റെ ക്ഷീണം മാറുന്നതിനു മുന്‍പ്‌ 57 ാം മിിനിറ്റില്‍ വീണ്ടും റിച്ചാര്‍ഡ്‌ ഗാഡ്‌സെയുടെ വക പ്രഹരം. ഇത്തവണ സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും മാര്‍ക്കോസ്‌ ടെബാറിന്റെ അളന്നുകുറിച്ചു ഗാഡ്‌സെയിലേക്ക്‌ കോരിയിട്ട പന്ത്‌ മെയ്‌ വഴക്കത്തോടെ ഗോവയുടെ പ്രതിരോധനിരക്കാരന്‍ രാജു ഗെയ്‌ക്ക്‌ വാദിനെയും ഓടിവന്ന കട്ടിമണിയേയും നിസഹായനാക്കി ഗാഡ്‌സെ പന്ത്‌ വലയിലാക്കി (5-1).
ഗോവ പ്രതീഷ്‌ ശിരോദ്‌ക്കറിനു പകരം ട്രിന്‍ഡാഡൈയും ഡല്‍ഹി രണ്ട്‌ ഗോള്‍ നേടിയ റിച്ചാര്‍ഡ്‌ ഗാഡ്‌സെക്കു പകരും ബദ്ര ബാജിയേയും ഡേവിഡ്‌ അഡിക്കു പകരം ഇബ്രാഹിമ നിയാസിയേയും മാഴ്‌സിിലിഞ്ഞ്യോയ്‌ക്കു പകരം പെലിസാരിയേയും ഇറക്കി.
ഡല്‍ഹി അവസാന മിനിറ്റുകളില്‍ പകരക്കാരെ പ്രധാനമായും ഉപയോഗിച്ചായിരുന്നു കളിച്ചത്‌. ഗാഡ്‌സെയും മാഴ്‌സിലീഞ്ഞ്യോയും പോയതോടെ കീന്‍ ലൂയിസിനായിരുന്നു മുന്‍തൂക്കം. ഗോളിനു തൊട്ടടുത്തുവരെ കീന്‍ ലൂയിസ്‌ എത്തിയെങ്കിലും ദേബ്രത റോയി വിലങ്ങുതടിയായി.
ഇന്ന്‌ മത്സരം ഇല്ല. നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കൊല്‍ക്കത്തയില്‍ ആതിഥേയരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. 




FC Goa XI: Kattimani (GK); Luciano, Gaikwad, Cardozo; Debabrata, Keenan; Richarlyson, Tavora, Shirodkar; Reinaldo, Cesar


Delhi Dynamos XI: Poirei (GK); Souvik, Anas, Ruben, Addy; Malouda, Tebar, Milan; Marcelinho, Gadze, Kean Lewis



No comments:

Post a Comment